നമ്മുടെ കുടുംബം

കൊല്ലവർഷം 1663-ൽ കൊച്ചി മഹാരാജാവിൻ്റെ അനന്തരാവകാശിയെ കിരീടം വച്ച് വാഴിക്കുന്ന ചടങ്ങ് ദുരിതപൂർണ്ണമായ ആഭ്യന്തരയുദ്ധത്തിൽ കലാശിച്ചു. ശരിയായ അവകാശിയായി കിരീടം വാഴേണ്ട ആളെ ഡച്ചുകാർ പിന്താങ്ങിയപ്പോൾ കിരീടമോഹിയായി ചമഞ്ഞയാളെ പോർച്ചുഗീസുകാർ സർവ്വസന്നാഹങ്ങളോടെ പിന്തുണച്ചു. ഭാഗ്യവശാൽ മൂത്ത തായ്‌വഴിയിലെ രാജകുമാരനെ കോലത്തിരി രാജാവും യുദ്ധത്തിൽ ഡച്ചുകാരെ സഹായിച്ചു. 1660-ൽ പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാരെ ചതിച്ചു കൊന്നുവെങ്കിലും അദ്ദേഹത്തിൻറെ പിൻതലമുറക്കാർ കോലത്തിരി രാജാവിൻറെ സദസ്സിലും പടയിലും അത്യുന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. വടകരയിലെ ഇരിങ്ങാൽ കോട്ടക്കലായിരുന്നു ഇവരുടെ ആസ്ഥാനം. കുഞ്ഞാലിമരക്കാരെ ചതിച്ചു കൊന്നതിനു പകരം വീട്ടാൻ തക്കം പാർത്തിരുന്ന അദ്ദേഹത്തിൻറെ പിൻതലമുറക്കായിരുന്ന നാല് സഹോദരന്മാർക്ക് ഓർക്കാപ്പുറത്ത് വീണുകിട്ടിയ ഒരവസരമായിരുന്നു ഇത് . ഒരു വലിയ പടയുമായി കൊച്ചി മഹാരാജാവിനെ സഹായിക്കാൻ ഇവർ പുറപ്പെട്ടു , പോര്ടുഗീസുകാരെ തറപറ്റിക്കാൻ സഹായിച്ച ഈ നാൽവരെ തൻ്റെ സേനാനായകരായി കൊച്ചി മഹാരാജാവ് നിയമിക്കുകയും 'നായനാർ' എന്ന പദവിയും കൽപ്പിച്ചു നൽകുകയും ചെയ്തു. കാലപ്പഴക്കത്തിൽ നായനാർ ലോപിച്ച് 'നൈന' യായി തീർന്നു. ഈ നൽവരുടെ പിൻമുറക്കാരാണ് ഇന്ന് കൊച്ചിയിൽ അറിയപ്പെടുന്ന 'നൈനമാർ'. ഈ നാൽവരിലൊരാളുടെ പൗത്രനായ കൊച്ചിയിൽ വലിയവേലിയ്ക്കകത്ത്‌ കുഞ്ഞാലിനൈനയും കൊച്ചിരാജാവിൻ്റെ സേനാ നായകരിൽ ഒരാളായിരുന്നു. കൊല്ലവർഷം 1730 ൽ തിരുവിതാംകൂർ രാജാവിൻ്റെ സൈന്യം കൊച്ചിരാജ അതിർത്തിയായ പറവൂർ കയ്യടക്കിയപ്പോൾ അവരെ തുരത്തുവാൻ കൊച്ചി മഹാരാജാവ് കൽപ്പിച്ചു നിയോഗിച്ചത് ഈ കുഞ്ഞാലിനൈനയെ ആയിരുന്നു . യുദ്ധാനന്തരം പാളിയത്തച്ചൻ്റെ ആഗ്രഹപ്രകാരം അദ്ദേഹം ചേന്ദമംഗലത് 'അഞ്ചാംപരുത്തി' എന്ന സ്‌ഥലത്തു താമസമാക്കി. ഇവരാണ് ഇന്ന് അഞ്ചാംപരുത്തി കുടുംബമായി അറിയപ്പെടുന്നത്.

ഈ കുഞ്ഞാലിനൈനയുടെ പൗത്രൻ കുഞ്ഞാലിനൈനയാണ് വെളിയത്തുനാട്ടിൽ വേഴപ്പിള്ളിപ്പറമ്പിൽ വലിയവീട്ടിൽ താമസം ആരംഭിച്ചത്. വേഴപ്പിള്ളിപ്പറമ്പിൽ താമസമാരംഭിച്ച കുഞ്ഞാലിനൈനയുടെ പരമ്പരയിൽ പെട്ടവരാണ് ഇന്ന് വേഴപ്പിള്ളി കുടുംബാംഗങ്ങളായി അറിയപ്പെടുന്നത്. ഇതിലെ നല്ലൊരു വിഭാഗം വെളിയത്തുനാട്ടിലും പാനായിക്കുളത്തുമായി കേന്ത്രീകരിച്ചിരിക്കുന്നു. ഇങ്ങനെ കേരളത്തിലെ പുരാതനവും പ്രബലവുമായ കുടുംബമാണ് വേഴപ്പിള്ളി കുടുംബം.

Read more

പുരാതനമായ വെളിയത്തുനാട് ജുമാഅത് പള്ളി, ജമാലിയ മദ്രസ്സ,ഗവ . മദ്രസ്സത്തുൽ ഇംദാദിയ അപ്പർ പ്രൈമറി സ്കൂൾ (എം.ഐ.യു.പി സ്കൂൾ), കരുമാലൂർ പഞ്ചായത്ത് , മുഹമ്മദ് അബ്ദുൽ റഹിമാൻ സ്മാരക വായനശാല , മിശ്കാത്തുൽ ഹുദാ മദ്രസ്സയും പള്ളിയും വെളിയത്തുനാടിൻ്റെ അഭിമാനമായ വി.സി അഹമ്മദുണ്ണി സാഹിബിൻ്റെ പേരിൽ തീർത്തിട്ടുള്ള വി.സി. അഹമ്മദുണ്ണി റോഡ് , കേരളത്തിലെ പ്രഥമ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എന്നിവയുടെ നിർമ്മാണത്തിലും അതുവഴി വെളിയത്തുനാടിൻ്റെ സർവ്വതോൻമുഖമായ ഉന്നമനത്തിലും ഈ കുടുംബത്തിൻ്റെ പങ്കാളിത്തം അഭിമാനപൂർവ്വം എടുത്തുപറയാവുന്നതാണ്. കരുമാലൂർ പഞ്ചായത്തിൻ്റെ പ്രെസിഡന്റുമാരായി സ്തുത്യർഹ സേവനമനുഷ്ഠിച്ച പരേതനായ വി.എം. കുഞാലിനൈന സാഹിബും ജനാബ് വി.കെ. ബദറുദീനും നമ്മുടെ കുടുംബത്തിന്റെ പാരന്പര്യം നിലനിർത്തിയവരാണ്. വെളിയത്തുനാടിൻ്റെ സർവ്വതോൻമുഖമായ പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകിയ നമ്മുടെ കുടുംബത്തിൽ മൺമറഞ്ഞുപോയ വ്യക്തികളെ ഇത്തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു.

സി.എ. അബ്ദുൽ നാസർ
സെക്രട്ടറി
Vezhappilly Educational & Cultural Association